ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന് അറസ്റ്റില്‍. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്കൂളിലെ ഫിസിക്സ് അധ്യാപകന് സുബ്രഹ്മണ്യനാണ് പിടിയിലായത്. അധ്യാപകന് ഒരു വിദ്യാര്‍ത്ഥിയെ മാത്രം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായതാകട്ടെ ആറു വിദ്യാര്‍ത്ഥികളാണ്.
വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള ഇയാളുടെ ക്രൂരത.
വിദ്യാര്‍ത്ഥിയെ വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍ നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസിലെ മറ്റൊരു വിദ്യാര്‍ഥിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post