കൊല്ലം: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച മലയാളി ധീര സൈനികന് വൈശാഖിന് ജന്മനാട് വികാരഭരിതമായി വിട നല്കി. ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കുടവെട്ടൂര് വീട്ടുവളപ്പില്‍ സംസ്കരിച്ചു. നിരവധി പേരാണ് വൈശാഖിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് വൈശാഖിന്റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്.
അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെഎന്‍ ബാലഗോപാല്‍, സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വൈശാഖിന്റെ വീട്ടില്‍ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. കേണല്‍ മുരളി ശ്രീധരന് സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇദ്ദേഹത്തില്‍ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകന് മിഥുന് ഭൗതികദേഹം ഏറ്റുവാങ്ങി.
കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ പൂഞ്ചില്‍ വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാന് എച്ച് വൈശാഖ്.
കുടവട്ടൂര്‍ വിശാഖത്തില് ഹരികുമാര്‍ ബീന ദമ്പതികളുടെ മൂത്ത മകനാണ് വൈശാഖ്. 24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാര്‍ത്ഥ്യമായത് 6 മാസങ്ങള്‍ക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
നാല് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്.
Discussion about this post