മണ്ണാര്‍ക്കാട്: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിവിധ വകുപ്പുകളിലായി 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.എസ്. മധു ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
ഭാര്യ നിഷയാണ് കൊല്ലപ്പെട്ടത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. സംഭവംനടന്ന ദിവസവും നിഷയെ സുന്ദരന്‍ മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് മുന്‍പായി മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സുന്ദരന്‍ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചതായും പറയുന്നു. തുടര്‍ന്ന്, ആയുധം ഉപയോഗിച്ച് മുറിവേല്പ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ചും നിഷയെ കൊലപ്പെടുത്തുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ക്കാണ് ശിക്ഷ.
Discussion about this post