ന്യൂഡല്‍ഹി : കോവിഡിനെത്തുടര്‍ന്ന് ആഭ്യന്തരവിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന സീറ്റ് നിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് യാത്ര നടത്താന്‍ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കി.
സീറ്റ് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയെങ്കിലും യാത്രക്കാരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ആഭ്യന്തര വിമാന സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. സെപ്റ്റംബറിലാണ് 72.5 ശതമാനത്തില്‍ നിന്നും ഇത് 85 ശതമാനമാക്കി ഉയര്‍ത്തിയത്.
ഉത്സവസീസണായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതോടെ വിലക്കുകള്‍ നീക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച മാത്രം 2307 വിമാനങ്ങളിലായി 2,66,000 യാത്രക്കാരാണ് രാജ്യത്ത് ആഭ്യന്തരസര്‍വീസ് നടത്തിയത്.
Discussion about this post