കോഴിക്കോട്: കേരളം ഞെട്ടിത്തരിച്ച കൂടത്തായി കൂട്ടക്കൊല കേസ് പുറത്തുവന്നിട്ട് രണ്ടാണ്ട്. ഐഐടി പ്രൊഫസര്‍ ചമഞ്ഞ് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും പിഞ്ചുകുഞ്ഞും ബന്ധുവും ഉള്‍പ്പടെ ആറ് പേരുടെ ജീവനെടുത്ത സീരിയല്‍ കില്ലര്‍ ജോളി ‘ജോളിയായി’ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
അതേസമയം, രണ്ട് വര്‍ഷമായി ജയിലില്‍ തുടരുന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ വക്കീല്‍ പറയുമെന്നായിരുന്നു ചെറു ചിരിയോടെ ജോളിയുടെ മറുപടി.
ആത്മഹത്യാശ്രമ കേസില്‍ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വളരെ ലാഘവത്തോടെയുള്ള പ്രതികരണം. ജോളി ജയിലില്‍ പ്രത്യേക ചിട്ടയോടെയാണ് ജീവിക്കുന്നതെന്നാണ് വിവരം. യോഗ പഠിക്കുന്നതായും സൂചനയുണ്ട്.
സാധാരണയായി ധരിക്കുന്ന കറുത്ത നിറമുള്ള ചുരിദാര്‍ ധരിച്ചാണ് പോലീസ് അകമ്പടിയോടെ ജോളി എത്തിയത്. വിലങ്ങ് വച്ചിരുന്നില്ല. കൂട്ടക്കൊല കേസ് പ്രതിയായിട്ടും മതിയായ സുരക്ഷയുണ്ടോയെന്ന് സംശയിക്കും വിധത്തിലായിരുന്നു കോടതിയിലെത്തിയത്. പോലീസുകാരോട് സ്വഭാവികമായ പെരുമാറ്റം. ജയിലില്‍ ജോളി പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നാണ് വിവരം.
സ്വത്ത് തട്ടിയെടുക്കാനും ഇഷ്ടപ്പെട്ട വിവാഹം കഴിക്കാനുമായാണ് പത്താം ക്ലാസുകാരിയായ ജോളി എന്‍ഐടി പ്രൊഫസര്‍ എന്ന വ്യാജേന ബന്ധുക്കളെ വിശ്വസിപ്പിച്ച് അരുംകൊലകള്‍ നടത്തിയത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര് സമാന സാഹചര്യത്തില്‍ മരിച്ചത്. ഒരു വര്‍ഷം മുമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോവിഡ് കാരണം വിചാരണ ആരംഭിച്ചിട്ടില്ല.
അതേസമയം, വിവാദ കേസുകള്‍ ഏറ്റെടുക്കാറുള്ള അഡ്വ. ബിഎ ആളൂരാണ് ജോളിക്ക് വേണ്ടി വാദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു. ജയിലില്‍ ജോളിക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ച് ആളൂര്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുണ്ട്.
വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യം ജോളി ഉന്നയിച്ചു. അഭിഭാഷകനുമായി ജോളി നിരന്തരം സംസാരിക്കാറുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.
അതേസമയം ആളൂര്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ ജോളിയുടെ അനുമതിയോടെ ആണോയെന്നും അന്ന് കോടതി ആരാഞ്ഞിരുന്നു. ഓഗസ്റ്റില്‍ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ വിവാഹ മോചന ഹരജി നല്‍കിയിരുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹരജി നല്‍കിയത്. ആറ് കൊലപാതക കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടികാട്ടിയാണ് ഷാജു വിവാഹ മോചനം ആവശ്യപ്പെട്ടത്.
തന്റെ ആദ്യ ഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്നും തന്നെ കേസില്‍പെടുത്താനായി വ്യാജ മൊഴി നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഒക്ടോബര്‍ 26 ന് പരിഗണിക്കും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് 2017 ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍ വിവാഹിതരായത്.
Discussion about this post