കൊല്ലം: മകളെ ഇനി ഒരു കോടതി വിധിയും തിരിച്ചു തരില്ലല്ലോ, സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഉത്രയുടെ അമ്മ മണിമേഖല. സൂരജ് ചെയ്ത കുറ്റത്തിന് ദൈവത്തിന്റെ രൂപത്തില്‍ അവന് ശിക്ഷ ലഭിക്കണമെന്നും അമ്മ പറഞ്ഞു.
ഉത്ര കൊലക്കേസ് വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവര്‍.
ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീ. സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. ശിക്ഷ മറ്റന്നാള്‍ വിധിക്കും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു. എന്നാല്‍ ഇതിനെ പ്രതിഭാഗം എതിര്‍ത്തു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പറയാനാവില്ലെന്ന് പ്രതിഭാഗം പറഞ്ഞു. കൊലപാതകമല്ല നടന്നത്. മുമ്പും സമാനമായി കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
ആരോപിക്കപ്പെടുന്ന കേസിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നല്‍കിയത്. 87 സാക്ഷികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിനും (വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പ്), ഐപിസി 326 പ്രകാരം അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍,വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍.
കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട പാമ്പ് പിടുത്തക്കാരന് സുരേഷിനെ പിന്നീട് മാപ്പ് സാക്ഷിയാക്കി. ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലെന്ന് സുരേഷ് പറഞ്ഞത് അന്വേഷണ സംഘം പരിഗണിക്കുകയായിരുന്നു.
Discussion about this post