കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പിറവം മുളക്കുളം സ്വദേശി ബാഹുലേയനാണ് ഭാര്യ ശാന്തയെ വെട്ടിക്കൊലപ്പെടുത്തിയത്.ശാന്തയെ കൊലപ്പെടുത്തിയ ശേഷം ബാഹുലേയൻ അയൽ വീട്ടിലെത്തി പൊലീസിനെ അറിയിക്കാൻ പറയുകയായിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയത്. കുടുംബവഴക്കും സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബാഹുലേയന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്സും ബാഹുലേയന്റെ രണ്ടാമത്തെ മകൻ ബ്രിജിത്തും വീട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ കൊലപാതകം ഇവരറിഞ്ഞിരുന്നില്ല.
ഭാര്യയെ വാക്കത്തി എടുത്ത് വെട്ടിയ ശേഷം സ്കൂട്ടറിൽ പുറത്തേക്കു പോയ പ്രതി തിരിച്ചെത്തുകയും അയൽവീട്ടിലെത്തി താൻ ഭാര്യയെ വെട്ടിക്കൊന്നുവെന്ന് പറയുകയുമായിരുന്നു. തുടർന്ന് അവരോട് സ്റ്റേഷനിൽ വിളിച്ച് തന്റെ ഫോൺ നമ്പർ കൊടുക്കാൻ പറയുകയും ചെയ്തു.അയൽവീട്ടുകാർ മകൻ ബ്രിജിത്തിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുകളിലത്തെ നിലയിൽനിന്ന് മകൻ ഇറങ്ങിവന്ന് നോക്കുമ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. സ്ഥലത്ത് എത്തിയ പൊലീസ് ബാഹുലേയനെ രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post