ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഇനി ടാറ്റാ സണ്‍സിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്കാന് കേന്ദ്രാനുമതിയായത്. ഡിസംബറോടെ കൈമാറല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
എന്നാല്‍ സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തെരഞ്ഞെടുത്തത്. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്.
എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും. എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തീരുമാനിച്ചത്. എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അന്ന് അറിയിച്ചിരുന്നു.
അതേസമയം, 68 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തുന്നത്. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു.
1977 വരെ ജെ.ആര്.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്മാന്. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്ക്കാലം വില്പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).
Discussion about this post