വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിലെ കാത്തോലിക്ക പള്ളിയില്‍ നടന്ന പീഡനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പീഡനം സംബന്ധിച്ച റിപ്പോര്‍ട്ട് ലജ്ജാകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിഷപ്പുമാരും സന്യാസശ്രേഷ്ഠന്മാരും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
“നിര്‍ഭാഗ്യവശാല്‍ പീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ എണ്ണം വളരെയധികമാണ്. കുട്ടികള്‍ അനുഭവിച്ച വേദനയിലും മാനസികസംഘര്‍ഷത്തിലും അതിയായ ഖേദം പ്രകടിപ്പിക്കുന്നു. തികച്ചും ലജ്ജാവഹമായ ഇത്തരം സംഭവങ്ങള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ പള്ളികള്‍ വൈകിയത് എന്റെയും നമ്മളേവരുടെയും പരാജയമായി കണക്കാക്കേണ്ടതുണ്ട്.” മാര്‍പ്പാപ്പ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പള്ളികള്‍ എല്ലാവര്ക്കും സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പുവരുത്താനും എല്ലാ പുരോഹിതന്മാരും മുന്‍കൈ എടുക്കണമെന്നും മാര്‍പ്പാപ്പ അറിയിച്ചു.
ഫ്രഞ്ച് പള്ളിയിലെ പീഡനങ്ങളെ കുറിച്ച് സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാത്തോലിക്കാ പള്ളിയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 3.3 ലക്ഷം കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു റിപ്പോര്‍ട്ട്.പള്ളിക്ക് കീഴിലുള്ള പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമാണ് കുട്ടികള്‍ പീഡനത്തിനിരയായതെന്നും കുറ്റവാളികളില്‍ മൂന്നില്‍ രണ്ടും പുരോഹിതരാണെന്നും ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post