എറണാകുളം: കലൂരില്‍ ഓവുചാലിന്റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ആന്ധ്ര സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശിയായ ധനപാല്‍ നായിക്കാണ് മരിച്ചത്. ശിവാജി നായിക്, ബംഗാള്‍ സ്വാമി നായിക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് ഉച്ചയോടെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. കാന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കാനയ്ക്ക് സമീപമുണ്ടായിരുന്ന വീടിന്റെ മതിലിനോട് ചേര്‍ത്തുവച്ചിരുന്ന സ്ലാബാണ് തൊഴിലാളികള്‍ക്ക് മേല്‍ വീണത്.
ഉടന്‍ തന്നെ പോലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. സ്ലാബ് അറുത്ത് മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ രണ്ടു തൊഴിലാളികളുടെ കാല് കുടുങ്ങിപ്പോയിരുന്നു. ഒരു മണിക്കൂറോളം നേരത്തെ കഠിന ശ്രമത്തിനിടെയാണ് ഇവരെ രക്ഷിച്ചത്. ഇവരെ പുറത്തെത്തിച്ച ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
ഓവുചാലായതിനാല്‍ ശ്വാസം കിട്ടാത്ത അവസ്ഥ വരുമെന്നതിനാല്‍ കോണ്‍ക്രീറ്റ് പാളി മുറിച്ച് പരമാവധി നേരത്തെ ആളുകളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. ഒരു മണിക്കൂര്‍ കൊണ്ട് ഓരോരുത്തരെയായി പുറത്തെടുക്കാനായി.
Discussion about this post