ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധത്തിനെത്തിയ കർഷകർക്ക് ഇടയിലേക്ക് കാർ ഓടിച്ച് കയറ്റി കൊലപാതകം നടത്തിയെന്ന കേസിൽ പോലീസ് കേസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു. പോലീസ് തയാറാക്കിയ എഫ്ഐആർ പ്രകാരം മന്ത്രിയുടെ മകൻ ഉൾപ്പടെ 14 പേർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അതേസമയം, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാതെ കർഷക സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡൽഹിയിലുള്ള യുപി ഭവനിലേക്ക് കർഷക മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ അറിയിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് കർഷകസമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനയിൽ അസ്വസ്ഥരായ കർഷകർ അദ്ദേഹത്തിന്റെ സന്ദർശനം തടയാൻ ഒത്തുകൂടുകയായിരുന്നു. ഇവർക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറിയത്. കൊല്ലപ്പെട്ട എട്ടുപേരിൽ നാല് പേർ കർഷകരാണ്.
ഇതിനിടെ, തന്റെ മകൻ ആശിഷ് മിശ്രയ്ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കർഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു.
Discussion about this post