തിരുവനന്തപുരം: വീട്ടുകാരറിയാതെ പെൺകുട്ടിയെ കടത്തി കൊണ്ടുപോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെൺകുട്ടി വീട്ടിൽ നിന്നു പോയെന്ന് വീട്ടുകാർക്ക് മനസ്സിലായത്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി. കാഞ്ഞിരപ്പള്ളി പെൺകുട്ടിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകവെ കോലിയക്കോട് പുലന്തറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷമീറുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നെന്ന് രക്ഷിതാക്കൾക്ക് അറിയാമായിരുന്നു. എന്നാൽ, 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാൽ രണ്ടുവർഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കൾ അറിയിച്ചിരുന്നത്. പക്ഷെ, പെൺകുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേർന്ന് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു.
അപകടത്തിൽ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവർക്കും പെൺകുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയർബാഗ് അപകടസമയത്ത് പ്രവർത്തിച്ചതിനാൽ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകൾ മാത്രമേയുള്ളു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
Discussion about this post