കൊച്ചി: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ അപൂർവ ഇനം ശംഖുകൾ പിടിച്ചെടുത്തു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ.
അതുകൊണ്ടുതന്നെ വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും. ഇതിനിടെ, മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ പരിശോധനയിലാണിതും കണ്ടെത്തിയത്. ഇത് ഒട്ടകത്തിന്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു.
ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും.ഇതിനിടെ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലാകുന്നതിന് മുമ്പും മോൻസണെ കണ്ടിരുന്നു. എന്നാൽ പണം പിന്നീട് നൽകാമെന്ന് പറഞ്ഞാണ് തന്നെ മടക്കിയതെന്നും ഇനി പണം കിട്ടാൻ സാധ്യതയില്ലെന്നും പാരമ്പര്യമായി ശിൽപ്പമുണ്ടാക്കുന്ന കുടുംബാംഗമായ സുരേഷ് പറഞ്ഞു.
Discussion about this post