ഡെറാഡൂൺ: ഭർത്താക്കൻമാരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കിടെ മതമോ സംസ്കാരമോ ഒന്നും വിലങ്ങുതടിയാകാതെ പരസ്പരം വൃക്ക ദാനം ചെയ്യാൻ മുന്നിട്ടിറങ്ങി ഈ ദമ്പതികൾ. ഡെറാഡൂണിലെ രണ്ടു കുടുംബങ്ങളാണ് ഇത്തരത്തിൽ വൃക്കകൾ കൈമാറ്റം ചെയ്തത്.
സുഷമയും സുൽത്താനയുമാണ് വൃക്ക ദാനം നടത്തിയത്. ഇരുവരുടെയും ഭർത്താക്കൻമാർക്ക് വൃക്ക മാറ്റിവയ്ക്കൽ അത്യാവശ്യമായതോടെയാണ് പരസ്പരം സഹായിക്കാൻ ഇരുവരും തയാറായത്. സുഷമയുടെ വൃക്ക സുൽത്താനയുടെ ഭർത്താവ് അഷ്റഫ് അലിക്കും. സുൽത്താനയുടെ വൃക്ക സുഷ്മയുടെ ഭർത്താവ് വികാസിനും മാറ്റിവച്ചു.
കഴിഞ്ഞ ആഴ്ച നടത്തിയ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോൾ നാലുപേരും സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
രണ്ടര വർഷത്തിലേറെയായി വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഇവരുടെ ഭർത്താക്കൻമാർ. ഭാര്യമാർ വൃക്ക നൽകാൻ തയാറായി വന്നെങ്കിലും രക്തഗ്രൂപ്പുകൾ പരസ്പരം ചേരുന്നതായിരുന്നില്ല. അപ്പോഴാണ് സമാന ആവശ്യവുമായി ബുദ്ധിമുട്ടുന്ന ഇരു കുടുംബങ്ങളേയും ഡോക്ടർമാർ പരസ്പരം പരിചയപ്പെടുത്തിയത്.
രക്തഗ്രൂപ്പുകളും പരസ്പരം ചേരുമെന്ന് വന്നതോടെ രണ്ട് വീട്ടുകാർക്കും ആശ്വാസമാവുകയായിരുന്നു. ഒടുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ആശ്വാസത്തിലാണ് നാലുപേരും.
Discussion about this post