കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നല്‍കുന്നത്. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്.
കൃത്യസമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയര്‍ന്നിരുന്നതായി മന്ത്രി പറയുന്നു. എന്നാല്‍ 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.
Discussion about this post