പട്ന: ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യത്തിന് വിചിത്രമായ വ്യവസ്ഥകള്‍ നിര്‍ദേശിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.
മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദേശം.
ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുള്‍പ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്.
പ്രതിയായ ലാലന് കുമാറിന് 20 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.
ബലാത്സംഗക്കേസില്‍ കീഴ്ക്കോടതിയുടെ നിര്‍ദ്ദേശം വിവാദമായതിന് പിന്നാലെയാണ് ജഡ്ജിയെ മാറ്റിനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. മുന്‍പും വ്യത്യസ്തമായ ശിക്ഷാവിധികള്‍ അവിനാഷ് കുമാര്‍ പുറപ്പെടുവിച്ചിരുന്നു.
ലോക്ഡൗണ്‍ സമയത്ത് സ്കൂള്‍ തുറന്നതിന് ഒരു അധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാര്‍ഥികളെ പഠിപ്പിക്കാനും നേരത്തെ അവിനാഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.
Discussion about this post