കൊച്ചി: കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ ജനങ്ങളിൽനിന്ന് പോലീസ് കഴിഞ്ഞ ഒരുവർഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 85,91,39,800 രൂപയെന്ന് കണക്കുകൾ. 2020 ജൂലായ് 16 മുതൽ ഈ വർഷം ഓഗസ്റ്റ് 14 വരെയാണ് ഇത്രയും തുക ഈടാക്കിയത്.
പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസിന് പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ട്രാഫിക് നിയമം ലംഘനത്തിന്റെ പേരിൽ ഈടാക്കിയ പിഴയെ സംബന്ധിച്ച് വിവരം പോലീസ് ആസ്ഥാനത്ത് ഇല്ലെന്നും മറുപടിയിലുണ്ട്.
2020 ജൂലായ് മുതൽ ഈ വർഷം മാർച്ച് 31 വരെ 37.09 കോടി രൂപ പിഴയായി ഈടാക്കിയപ്പോൾ ഏപ്രിൽ മുതൽ ഓഗസ്റ്റ് 14 വരെയുള്ള അഞ്ചുമാസംകൊണ്ട് 48.82 കോടി രൂപയാണ് പിരിച്ചെടുത്തതെന്നും രേഖകൾ പറയുന്നു.
ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥന് ഇൻസെന്റീവ് നൽകുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതില്ലെന്ന മറുപടിയാണ് നൽകിയത്. നിശ്ചിത തുക പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടോ എന്നതിനും സമാനമായ ഉത്തരമാണ് ലഭിച്ചത്.
എറണാകുളം ജില്ലക്കാരാണ് പിഴ നൽകിയതിൽ ഒന്നാം സ്ഥാനത്ത്. എറണാകുളം സിറ്റിയിലും റൂറലിൽ നിന്നുമായി 11.59 കോടി രൂപയാണ് ഈടാക്കിയത്. 10.91 കോടി രൂപ പിഴ നൽകിയ തിരുവനന്തപുരം ജില്ലക്കാരാണ് രണ്ടാം സ്ഥാനത്ത്.
Discussion about this post