‘ഒരു നീണ്ട യാത്ര പേപ്പറുകളിലേക്കും ചില ഫയല്‍ വര്‍ക്കുകളിലേക്കും പോകാനുള്ള അവസരങ്ങളാണ്’ അമേരിക്കന്‍ യാത്രയ്ക്കിടയില്‍ ഫയല്‍ നോക്കുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളാണ് ഇത്. സമയം അത്രമേല്‍ വിലപ്പെട്ടതാണെന്ന് അറിയിക്കുകയാണ് ചിത്രം എന്നുപറഞ്ഞുകൊണ്ടാണ് സൈബറിടത്ത് ചിത്രം നിറയുന്നത്.
ട്വിറ്ററിലാണ് മോഡി ചിത്രം പങ്കുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച, ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചര്‍ച്ച, കൊറോണ ഉച്ചകോടി, യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായാണ് മോഡിയുടെ യാത്ര. ഇക്കുറി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ച കൂടിയാണിത്.
A long flight also means opportunities to go through papers and some file work. pic.twitter.com/nYoSjO6gIB
— Narendra Modi (@narendramodi) September 22, 2021
കൂടാതെ പുതുതായി വാങ്ങിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണ് യാത്ര എന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂര്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
അതേസമയം, ചിത്രം ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ട്. കൊവിഡ് മഹാമാരി കാലത്ത് ചിത്രത്തില്‍ മാസ്‌ക് ധരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. മയിലിനെയും പരുന്തിനയുമെല്ലാം ഓമനിച്ചു നടത്തുന്ന നേരം ഈ ഫയലുകളും മറ്റും നോക്കാവുന്നതാണെന്ന പരിഹാസവും സൈബറിടത്തുണ്ട്.
Discussion about this post