ന്യൂഡൽഹി: എപ്പോൾ സ്കൂൾ തുറക്കണമെന്നത് തങ്ങൾക്ക് നിർദേശിക്കാനാകില്ലെന്നും തീരുമാനം സംസ്ഥാന സർക്കാറുകളാണ് എടുക്കേണ്ടതെന്നും പരാമർശിച്ച് സുപ്രീംകോടതി. സ്കൂളിലേക്ക് ക്രമേണ കുട്ടികളെ വിടേണ്ടതുണ്ട് എന്ന കാര്യത്തിലും സർക്കാറിന് ധാരണയുണ്ട്. ഉണ്ടാകാനിടയുള്ള അപകടം വിസ്മരിച്ച് നിങ്ങൾ കുട്ടികളെ സ്കൂളിലേക്ക് അയക്കണം എന്ന് കോടതിവിധിയിലൂടെ സുപ്രീംകോടതിക്ക് അടിച്ചേൽപ്പിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന വിദ്യാർത്ഥി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ബിവി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഭരണഘടനാപരമായ പരിഹാരങ്ങൾ തേടുന്നതിൽ വ്യാപൃതനാകുന്നതിന് പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹർജിക്കാരനായ വിദ്യാർത്ഥിയോട് നിർദേശിക്കാൻ കുട്ടിയുടെ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹർജിക്കാരനായ വിദ്യാർത്ഥിക്ക് തന്റെ ആശങ്ക വേണമെങ്കിൽ സംസ്ഥാന സർക്കാറിനു മുന്നിൽ ബോധിപ്പിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനാധിപത്യ രീതിയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം സംസ്ഥാന സർക്കാറുകൾക്ക് വിടുകയാണ്. ഭരണഘടന എന്തു പറയുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകനോട് ആരാഞ്ഞു. ഭരണഘടനയുടെ 21എ അനുച്ഛേദ ഭേദഗതി വന്നശേഷം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അത് എങ്ങനെയാണെന്ന് ഭരണകൂടം തീരുമാനിക്കും. സർക്കാറാണ് ആത്യന്തികമായി ഇതിന് ഉത്തരം പറയേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post