ആലത്തൂര്‍: നാലാം വയസ്സില്‍ ചേര്‍ത്തുപിടിച്ച ശ്രീദേവിയെ കാണാന്‍ ഒടുവില്‍ സുരേഷ് ഗോപിയെത്തി. കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഫാന്‍സി സ്റ്റോറും അതിനോടു ചേര്‍ന്ന ഒറ്റമുറി വീടും വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് വേദിയായത്. ശ്രീദേവിയുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി അവരെ ആശ്വസിപ്പിച്ചു.
മലപ്പുറം കോട്ടയ്ക്കലിലെ തെരുവില്‍ പെറ്റമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട ശ്രീദേവിയ്ക്ക് പുതുജീവന്‍ നല്‍കിയത് ആക്രി പെറുക്കി ജീവിക്കുന്ന തങ്കമ്മയായിരുന്നു. പ്ലാസ്റ്റിക് മറച്ച കുടിലിലേക്കു കൂട്ടി തങ്കമ്മ അവളുടെ പോറ്റമ്മയായി. പ്രസവിച്ചു കിടന്ന സ്വന്തം മകളുടെ മുലപ്പാല്‍ അവര്‍ ആ കുഞ്ഞിനും നല്കി.
ശ്രീദേവിക്ക് 3 വയസ്സുള്ളപ്പോള്‍ തങ്കമ്മ മരിച്ചു. ഇതോടെ ശ്രീദേവി ഭിക്ഷാടകരുടെ കൈകളിലായി. ആ കുഞ്ഞു ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞും മറ്റും മുറിവേല്പിച്ച് ഭിക്ഷാടനത്തിന് എത്തിച്ചതു വാര്‍ത്തയായി. തുടര്‍ന്ന് അനേകമാളുകള്‍ സഹായഹസ്തവുമായെത്തി.
അക്കൂട്ടത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സന്നദ്ധ സംഘടനകളും മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും കൈകോര്‍ത്തപ്പോള്‍ ശ്രീദേവി ആലുവയിലെ ജനസേവ ശിശുഭവനിലെത്തി. അതിനിടെ ജനസേവ ശിശുഭവനിലെത്തിയ സുരേഷ് ഗോപി താന്‍ ശുപാര്‍ശ കത്ത് നല്കി പ്രവേശനം നേടിയ ശ്രീദേവിയെ കണ്ടു.
അദ്ദേഹം അവളെ വാരി പുണര്‍ന്നത് ശ്രീദേവി ഇന്നു മോര്‍ക്കുന്നു. ഇന്നലെ പാലക്കാട്ട് സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹം നേരിട്ടു വീട്ടിലെത്താമെന്നറിയിച്ചത്. മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്.
അദ്ദേഹത്തെ കണ്ടപ്പോള്‍ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല. തനിക്കൊരു വീടു വേണമെന്ന അപേക്ഷ കേട്ടപ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നറിയിച്ച് അദ്ദേഹം മടങ്ങി. കാവശേരി മുല്ലക്കല്‍ തെലുങ്കപ്പാളയത്തിലെ സതീഷാണ് ശ്രീദേവിയെ വിവാഹം കഴിച്ചത്.
ഇവര്‍ക്ക് 4 വയസ്സുള്ള മകളുണ്ട്, ശിവാനി. കോവിഡ് വ്യാപനത്തോടെ ജീവിതം ശ്രീദേവിയുടെയും കുടുംബത്തിന്റെയും ജീവിതം പ്രതിസന്ധിയിലായി. കട തുടങ്ങാന്‍ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി നോട്ടിസ് വന്നു. താമസിക്കുന്ന വാടക മുറിക്ക് പ്രത്യേകം നമ്പര്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും കിട്ടിയിട്ടില്ല.
ഈ അവസരത്തിലാണ് തന്റെ ജീവിതകഥയും സുരേഷ് ഗോപിയോടുള്ള കടപ്പാടും ബിജെപി സംസ്ഥാന സമിതി അംഗമായ കാവശേരിയിലെ സി.എസ്. ദാസിനോട് പറഞ്ഞത്. ഇവരാണ് വിവരം സുരേഷ് ഗോപിയെ അറിയിച്ചത്.
Discussion about this post