പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുവിന് ദാരുണാന്ത്യം. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഇവര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അവിടെ മരിച്ച കുഞ്ഞിനെയാണ് പുറത്തെടുത്തത് എന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, കോട്ടപ്പുറം ആശുപത്രിയില്‍ രാത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം മരിക്കുന്ന പതിനാഞ്ചമത്തെ കുഞ്ഞാണിത്.
പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടിട്ടും അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post