ന്യൂഡല്‍ഹി: യുപി സര്‍ക്കാറിന്റെ വികസന സപ്ലിമെന്റില്‍ ബംഗാളിലെ മേല്‍പ്പാലത്തിന്റെ ചിത്രം ഉള്‍പ്പെട്ട സംഭവത്തില്‍ തെറ്റുപറ്റിയത് തങ്ങള്‍ക്കാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ്. സംഭവത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍കോണ്‍ഗ്രസും പരിഹാസവുമായെത്തിയിരുന്നു.
പത്രത്തിന്റെ വാരാന്ത്യപതിപ്പായ സണ്‍ഡേ എക്സ്പ്രസിലാണ് യുപി സര്‍ക്കാറിന്റെ മൂന്ന് പേജ് മുഴുനീള പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യത്തില്‍ തെറ്റായ ചിത്രം ഉള്‍പ്പെട്ടത് മനപൂര്‍വമല്ലാത്ത വീഴ്ചയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നുവെന്നും എല്ലാ ഡിജിറ്റല്‍ എഡിഷനുകളില്‍ നിന്നും തെറ്റായ ചിത്രം നീക്കം ചെയ്തുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് വ്യക്തമാക്കി.
അതേസമയം, പരസ്യത്തില്‍ തെറ്റുവന്നതിന് പത്രം കുറ്റമേല്‍ക്കുന്നത് അപൂര്‍വമാണെന്നും ഇന്ത്യന്‍ എക്സ്പ്രസിന്റെ തന്നെ പരസ്യനയത്തിന് വിപരീതമാണെന്നും പലരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യത്തിലോ പരസ്യത്തിന്റെ ഉള്ളടക്കത്തിലോ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ 2019ലെ പരസ്യറേറ്റ് കാര്‍ഡില്‍ പറയുന്നത്.
സാധാരണ ഗതിയില്‍ സ്വകാര്യ പരസ്യ ഏജന്‍സികളോ, സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയോ ആണ് സര്‍ക്കാറിന്റെ പരസ്യങ്ങള്‍ തയ്യാറാക്കാറ്. അതേസമയം വീഴ്ച ഏറ്റെടുത്ത് യോഗിയുടെ മുഖം രക്ഷിക്കാനുള്ള നീക്കമാണോ ഇന്ത്യന്‍ എക്സ്പ്രസ് നടത്തുന്നത് എന്ന ചോദ്യമുയരുന്നുണ്ട്.
യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന തരത്തിലാണ് സണ്‍ഡേ എക്സ്പ്രസില്‍ ഇന്ന് മുഴുപേജ് പരസ്യം വന്നത്. എന്നാല്‍, പരസ്യത്തില്‍ കാണിച്ച മഞ്ഞ അംബാസഡര്‍ ടാക്സികള്‍ ഓടുന്ന നീലയും വെള്ളയും പെയിന്റടിച്ച മേല്‍പാലം കൊല്‍ക്കത്തയില്‍ മമത സര്‍ക്കാര്‍ നിര്‍മിച്ച ‘മാ ഫ്ലൈഓവര്‍’ ആണെന്ന് ട്വിറ്റര്‍ ലോകം കണ്ടെത്തിയിരിക്കുകയാണ്.
മേല്‍പാലത്തിന്? സമീപത്തെ കെട്ടിടങ്ങള്‍ കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റേതാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് മോഷ്ടിച്ച് എട്ടുകാലി മമ്മൂഞ്ഞാകാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ കളിയാക്കുകയും ചെയ്തിരുന്നു.
പരസ്യത്തില്‍ കാണിച്ച ഫാക്ടറി യുഎസിലെ ഫാക്ടറിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
A wrong image was inadvertently included in the cover collage of the advertorial on Uttar Pradesh produced by the marketing department of the newspaper. The error is deeply regretted and the image has been removed in all digital editions of the paper.
— The Indian Express (@IndianExpress) September 12, 2021
Discussion about this post