കൊല്ലം: പ്രതിഷേധവും നിലപാടും അറിയിക്കാനുള്ള മാര്‍ഗമായി വസ്ത്രധാരണത്തെ തിരഞ്ഞെടുത്ത കൊല്ലം സ്വദേശി യഹിയ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു യഹിയ.
ജീവിതം സമരമാക്കിയ അപൂര്‍വ വ്യക്തിയാണ് കൊല്ലം കടയ്ക്കലിലെ മുക്കുന്നം സ്വദേശി യഹിയ. മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാത്തതില്‍ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവിതാവസാനം വരെ നൈറ്റി വേഷം സ്വീകരിച്ചായിരുന്നു യഹിയാക്കയുടെ പ്രതിഷേധം.
ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ എസ്ഐ യഹിയയുടെ മുഖത്തടിക്കുന്നു, പിന്നീടങ്ങോട്ട് ഉണ്ടായത് തന്റെ വസ്ത്രത്തിലൂടെയുള്ള പ്രതിഷേധമായിരുന്നു. ഇനി ഒരുത്തനെയും ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിലാണ് യഹിയ നൈറ്റി ധരിക്കാന്‍ തുടങ്ങിയത്.
നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിച്ച് പ്രതിഷേധം അറിയിച്ച യഹിയ ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. ആര്‍എംഎസ് തട്ടുകടയും വേറിട്ട വിഭവങ്ങള്‍ കൊണ്ടും അതിലുപരി അദ്ദേഹത്തിന്റെ സ്വഭാവംകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post