ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ ചിത്രം ഒടിയനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ ഡീഗ്രേഡിങാണ് നടന്നത്. എല്ലാത്തിനേയും മറികടന്ന് ചിത്രം മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയന് മാണിക്യനെന്ന് ആരാധകര്‍ ഒരോരുത്തരും വിലയിരുത്തുകയാണ്. ഇതിനിടെയാണ് സിനിമയെ വാഴ്ത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കണ്ണുകളില്‍ പോലും അഭിനയം തുളുമ്പുന്നത് താന്‍ കണ്ടെന്നും മഞ്ജു വാര്യര്‍ കാഴ്ചവെച്ചത് മികച്ച അഭിനയ മുഹൂര്‍ത്തമാണെന്നും മന്ത്രി പറയുന്നു.
മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഡിസംബര്‍ 14 ന്റെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയന് എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാര്‍ത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
കെ.ഹരികൃഷ്ണന് വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാര്‍ മേനോന് അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചുവാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര് അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവര്‍മ്മയുടെ ഗാനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.
ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.
Discussion about this post