കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിട്ടും ലക്ഷണം തിരിച്ചറിയുകയോ സ്രവം എടുക്കുകയോ ചെയ്യാതിരുന്ന സംഭവം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 2018ലെ നിപാ ചികിത്സയിൽ മുൻപരിചയമുണ്ടായിട്ടും ഇതു തിരിച്ചറിയാതെ പോയത് എന്തുകൊണ്ടാണെന്നു പരിശോധിക്കും.
കുട്ടിക്ക് നിപ വൈറസ് ബാധിച്ച ഉറവിടം അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിട്ടുണ്ട്. ഇവിടെ സമ്പർക്കമുണ്ടായ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളതെന്നും ഇവരോട് അടക്കം ഐസലേഷനിൽ പോകാൻ നിർദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചു.
കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ജാഗ്രത സംബന്ധിച്ചും ആക്ഷൻ പ്ലാൻ സംബന്ധിച്ചുമുള്ള ചർച്ച നടക്കാനിരിക്കുകയാണ്.
വിശദവിവരങ്ങൾ കലക്ടറേറ്റിൽ നടത്തുന്ന ചർച്ചയ്ക്കു ശേഷം വിശദീകരിക്കുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണവെ മന്ത്രി പ്രതികരിച്ചു.
Discussion about this post