കൊച്ചി: സാധാരണക്കാർക്ക് കൈത്താങ്ങായി എൺപത്തി ആറര ലക്ഷത്തിലധികം ഓണക്കിറ്റുകൾ ഒരുക്കി, വിതരണം ചെയ്ത് ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സപ്ലൈകോയും സർക്കാരും. ഇതിനിടെ, കിറ്റിൽ ഉൾപ്പെടുത്തി വിതരണം ചെയ്ത 20 ഗ്രാം ഏലയ്ക്ക പാക്കറ്റിനെ സംബന്ധിച്ച് ചില കോണുകളിൽ നിന്നുണ്ടായ ആരോപണങ്ങൾക്ക് വസ്തുതകൾ അക്കമിട്ട് നിരത്തി സപ്ലൈകോ മറുപടി നൽകിയിരിക്കുകയാണ്. ഏലയ്ക്ക പാക്കറ്റ് സംഭരണവും വിതരണവും നടന്നത് വളരെ സുതാര്യമായും കാര്യക്ഷമമായുമാണെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
വിശദീകരണം ഇങ്ങനെ :
സർക്കാരിന്റെ ജൂലായ്-19ലെ ഓണക്കിറ്റിനുള്ള ഉത്തരവിൻ പ്രകാരം കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലയ്ക്ക 20 ഗ്രാം പാക്കറ്റ് വിതരണത്തിനുള്ള ഇ-ടെൻഡർ നടപടികൾ ജൂലായ് 15-ആം തീയതി തന്നെ ആരംഭിക്കുകയുണ്ടായി. 23ന് ഇ-ടെൻഡർ ടെക്നിക്കൽ ബിഡ് തുറക്കുകയും 24നു തന്നെ ഫിനാൻഷ്യൽ ബിഡ് തുറക്കുകയും ചെയ്തു.
ഓണക്കിറ്റ് വിതരണം ജൂലായ് 31 ന് ആരംഭിക്കാൻ തീരുമാനിച്ചതുകൊണ്ട് അടിയന്തിര ആവശ്യം കണക്കിലെടുത്തു AAY കാർഡിനുള്ളത് ഡിപ്പോ കമ്മിറ്റി മുഖാന്തിരം 33.33 രൂപയ്ക്ക് (ജിഎസ്ടി പുറമെ) വാങ്ങുന്നതിനു അനുവാദം നൽകുകയുണ്ടായി. PHH കാർഡിന്റെ 20% കൺസ്യൂമർഫെഡ്, റയ്ഡ്കോ എന്നീ സഹകരണ സ്ഥാപനങ്ങളിൽ നിന്നും 33.33 രൂപ എന്ന വിലയ്ക്കു വാങ്ങുന്നതിനും തീരുമാനിച്ചു. ഇ-ടെൻഡറിൽ 9 വിതരണക്കാർ പങ്കെടുത്തതിൽ 10 ജില്ലകളിൽ കുറഞ്ഞ വിലയായി 27.78 രൂപയും മറ്റു ജില്ലകളിൽ കുറഞ്ഞ വിലയായി 31 രൂപയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡറിൽ ലഭിച്ച കുറഞ്ഞ വിലക്ക് നാലു വിതരണക്കാർക്ക് വിതരണത്തിനുള്ള ഓർഡർ നൽകുകയുണ്ടായി.
27.78 നിരക്കിൽ പട്ടം കോളനി എസ് സി ബി പതിനഞ്ചു ലക്ഷം പാക്കറ്റ്,
27.78 നിരക്കിൽ റോയൽ റിച്ച് കോണ്ടിമെന്റ്സ് 13,62,000 പാക്കറ്റുകൾ, ഉണ്ണികുളം വനിതാ സിഎസിൽ നിന്നും 31 രൂപ നിരക്കിൽ പതിനെട്ട് ലക്ഷത്തി മുപ്പതിനായിരം പാക്കറ്റുകൾ, ഹൊച്ച് ലാൻഡിൽ നിന്നും മൂന്നുലക്ഷത്തി അൻപതിനായിരം പാക്കറ്റുകൾ 27.78 നിരക്കിലും, മൂന്നുലക്ഷത്തി അൻപതിനായിരം പാക്കറ്റുകൾ 31 രൂപ നിരക്കിലും ആണ് ടെണ്ടർ പ്രകാരം ഓർഡർ നൽകിയതും വിതരണം നടത്തിയതും. ബാക്കി ആവശ്യമായ പതിനഞ്ചു ലക്ഷത്തി എൺപത്തി നാലായിരം പാക്കറ്റുകൾ കൺസ്യൂമർഫെഡിൽ നിന്നും വാങ്ങുന്നതിനുള്ള ഓർഡർ നൽകുകയും ചെയ്തു.
ഏലയ്ക്കയുടെ പാക്കറ്റിനെ ചൊല്ലി ആക്ഷേപം ഉയർന്നു വന്നെങ്കിലും സപ്ലൈകോ അധികൃതർ വസ്തുതകൾ കൃത്യമായി വിശദീകരിച്ചതോടെ നിലവിൽ വിവാദം കെട്ടടങ്ങിയിരിക്കുകയാണ് .
Discussion about this post