മഞ്ചേരി: വാക്സിൻ 2 ഡോസ് പൂർത്തിയാക്കിയിട്ടും പിപിഇ കിറ്റ് ധരിച്ച് മാത്രം ഡ്യൂട്ടിയെടുത്തിട്ടും ഒന്നരവർഷത്തിനിടെ നാലുതവണയാണ് ഡോ.അബ്ദുൽ ഗഫൂർ (34) കോവിഡ് പോസിറ്റീവായത്. സുരക്ഷാമുൻകരുതലുകളെ ബേധിച്ച് ടർച്ചയായി കോവിഡ് പിടിപെടുന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ശരീരത്തിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കാനും വാക്സിൻ മാറ്റി നൽകാനും ആലോചിക്കുന്നുണ്ട്.
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറാണ് പത്തപ്പിരിയം സ്വദേശി ഡോ.അബ്ദുൽ ഗഫൂർ കളപ്പാടൻ. ഇദ്ദേഹത്തിന് കഴിഞ്ഞവർഷം മേയിലാണ് ആദ്യം കോവിഡ് പിടിപെട്ടത്. ഡിസംബറിൽ വീണ്ടും പോസിറ്റീവ്. 2 ഡോസ് വാക്സീനും എടുത്തശേഷം ഈ ഏപ്രിലിൽ മൂന്നാമതും പോസിറ്റീവായി. ഈ മാസം 4ന് നാലാമതും കോവിഡ് ബാധിക്കുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ടിലൂടെയും ക്വാറന്റീനിലൂടെയും പലതവണ കടന്നുപോയ ഇദ്ദേഹത്തിന് ആത്മവിശ്വാസത്തിലോ ഡ്യൂട്ടിയോടുള്ള ആത്മാർത്ഥതയിലോ അൽപ്പം പോലും വീഴ്ച ഇതുവരെ സംഭവിച്ചിട്ടില്ല. ഇപ്പോഴും കോവിഡ് വാർഡിൽത്തന്നെയാണ് ജോലി ചെയ്യുന്നത്. വീണ്ടും പോസിറ്റീവ് ആകുമോയെന്ന ആശങ്കയില്ലെന്നും ഡോ. ഗഫൂർ പറയുന്നു.
അതേസമയം, മൂന്ന് കാരണങ്ങളാൽ ഇടയ്ക്കിടെ കോവിഡ് വരാം. ഒന്ന്, കോവിഡ് നെഗറ്റീവായാലും വൈറസിന്റെ നിശ്ശബ്ദ സാന്നിധ്യമുണ്ടാകാം. ഡോ. ഗഫൂറിന്റെ സാംപിളിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡൽഹിയിലെ ജീനോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പോസിറ്റീവായ രോഗികളുമായുള്ള നിരന്തര സമ്പർക്കം, ശരീരത്തിലെ പ്രതിരോധ ശേഷിയുടെ കുറവ് എന്നീ കാരണങ്ങളും സംശയിക്കണം. കൂടുതൽ പഠനം ആവശ്യമാണ്.’ എന്നാണ് കോവിഡ് നോഡൽ ഓഫിസറായ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. ഷിനാസ് ബാബു പ്രതികരിക്കുന്നത്.
Discussion about this post