ആലപ്പുഴ: 893 പേർക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകിയ ചെങ്ങന്നൂർ ജില്ലാആശുപത്രിയിലെ നഴ്സായ പുഷ്പലതയെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഏഴര മണിക്കൂർ കൊണ്ടാണ് പുഷ്പലത 893 പേർക്ക് കോവിഡ് വാക്സിൻ നൽകിയത്. വാർത്തകളിൽ ഇടം പിടിച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇന്നാണ് അഭിനന്ദനം നേരിട്ടറിയിക്കാൻ സാധിച്ചതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്സിൻ നൽകിയത് വാർത്തകളിൽ നിന്നാണ് അറിഞ്ഞത്. അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോയി അവരെ കണ്ടു. അഭിനന്ദനം അറിയിച്ചു. നല്ലൊരു ടീംവർക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോൾ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.
വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താൻ ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാൻ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാർത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാർഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാൻ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.
ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ?’
ഇത്രയും പാടുമ്പോൾ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയർന്നിരുന്നു.
പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവർക്കെല്ലാമുള്ള ആദരവാണിത്.
Discussion about this post