അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതോടെ ക്രൂരതകള്‍ക്ക് ഇരയാകുന്നത് പൂര്‍ണ്ണമായും സ്ത്രീകളാണ്. ദിനംപ്രതി ഇവരോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം പോലും നിഷേധിക്കപ്പെടുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്.
പാചകം മോശമാണെന്ന് ആരോപിച്ച് യുവതിയെ താലിബാന് ഭീകരര്‍ ചുട്ടുകൊന്നതായാണ് ഏറ്റവും ഒടുവില്‍ എത്തിയ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സ്ത്രീ പാചകം ചെയ്തു നല്കിയ ഭക്ഷണത്തില്‍ സംതൃപ്തിയില്ലെന്നു ആരോപിച്ച് സ്ത്രീയെ കത്തിച്ചതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന് ഭരണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണെന്ന് മുന്‍വനിതാ ജഡ്ജി നാജിയ അയ്യൂബി വ്യക്തമാക്കി. താലിബാന്റെ മുന്‍ഭരണകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള പീഡനങ്ങളാണ്. പുതിയ ഭരണത്തിലും അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നാജിയ അയ്യൂബിയുടെ വാക്കുകള്‍;
‘രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയില്‍ സ്ത്രീകളോട് ഭക്ഷണം പാകം ചെയ്ത് നല്കാന് താലിബാന് ഭീകരര്‍ ആവശ്യപ്പെടുന്നുണ്ട്. നല്കിയ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കത്തിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ താലിബാന് ഭീകരര്‍ ലൈംഗിക അടിമകളായി മാറ്റുന്നതായും വിവരമുണ്ട്.
വീട്ടിലെ ചെറിയ പെണ്‍കുട്ടികളെ താലിബാന് നേതാക്കള്‍ക്ക് വിവാഹം ചെയ്തു നല്കാന് കുടുംബങ്ങളെ നിര്‍ബന്ധിക്കുകയാണ്. സ്ത്രീകളെ ജോലിക്കു പോകാന്‍ അവര്‍ അനുവദിക്കുമെന്ന് കരുതുന്നില്ല. കാരണം അത്രയേറെ ക്രൂരതകളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്റെ ക്രൂരത ഭയന്ന് ആക്ടിവിസ്റ്റുകളടക്കം മിക്ക സ്ത്രീകളും ഒളിവിലാണ്. ‘
Discussion about this post