ന്യൂഡൽഹി: തെലുഗു സിനിമാലോകത്ത് വലിയ വിവാദമായ മയക്കുമരുന്ന് കേസിൽ സൂപ്പർ താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ 12 പേർക്ക് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). നാലുവർഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
രാകുലിനോട് സെപ്റ്റംബർ ആറിനും റാണയോട് സെപ്റ്റംബർ എട്ടിനും രവി തേജയോട് സെപ്റ്റംബർ ഒൻപതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ പുരി ജഗന്നാഥ് സെപ്റ്റംബർ 31നാണ് ഹാജരാകേണ്ടത്.
മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017ൽ തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന അന്വേഷണം ഇഡി ആരംഭിച്ചത്.
അതേസമയം രാകുൽ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇവർ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കാളികളായിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇഡി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
Discussion about this post