തിരുവനന്തപുരം: മലബാർ ലഹള സ്വാതന്ത്ര്യസമരമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ല്യാരും ഉൾപ്പടെയുള്ളവർ സ്വാതന്ത്ര്യസമര സേനാനികളല്ലെന്നും തിരുത്തിയ കേന്ദ്രത്തിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണ്.
കേരള നിയമസഭാ സ്പീക്കറും അദ്ദേഹത്തിന്റെ പാർട്ടിയും നാലു വോട്ടിനു വേണ്ടി ഇപ്പോൾ ചെയ്യുന്നത് അതാണ്. ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ലെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
അജ്ഞത അപരാധമല്ല…
പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണ്….
കേരള നിയമസഭാ സ്പീക്കറും അദ്ദേഹത്തിന്റെ പാർട്ടിയും നാലു വോട്ടിനു വേണ്ടി ഇപ്പോൾ ചെയ്യുന്നത് അതാണ്…
ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല…
ആസേതു ഹിമാചലം ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവൻ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടിൽ മാപ്പിളരാജ്യമുണ്ടാക്കാൻ ശ്രമിച്ചയാളും ഒരു പോലെയെന്ന് സ്ഥാപിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വ്യക്തമാണ്…
സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് ?
ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പോലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിങ്ങ് വധിച്ചതായി എം.ബി രാജേഷിനും സിപിഎമ്മിനും ചൂണ്ടിക്കാട്ടാനാവുമോ ?
ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവർത്തനം നടത്താൻ ഭഗത് സിങ്ങ് പീഢിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ ?
ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിങ്ങ് ശഠിച്ചിട്ടുണ്ടോ ?
ഇതെല്ലാം ചെയ്ത വാരിയംകുന്നൻ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുൻനിർത്തി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിങ്ങിന് തുല്യനാകും ?
ബ്രിട്ടീഷുകാരെ എതിർത്ത എല്ലാവരും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്മ്യൂണിസ്റ്റ് പക്ഷം ?
ബ്രിട്ടീഷുകാർ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കിൽപ്പെടുമോ ?
ശരിയ നിയമപ്രകാരമുള്ള രാഷ്ട്ര നിർമ്മാണത്തിനായി പോരാടിയവരാണ് സ്വാതന്ത്ര്യസമര സേനാനികളെന്ന സിപിഎം കണ്ടെത്തൽ ഗംഭീരമായി…!
ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബിജെപിയെ മതേതരത്വം പഠിപ്പിക്കുന്നത്…..!
ഭാരതീയ ജനതാപാർട്ടി ഇന്ത്യൻ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകാർ മറക്കരുത്…
പാർലമെന്റിൽ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് സിപിഎം മുൻകയ്യെടുത്താണെന്ന് രാജേഷ് അഭിമാനിക്കുന്നു !
നാളെ വാരിയംകുന്നന്റെ പ്രതിമയും പാർലമെന്റിലോ അല്ലെങ്കിൽ അദ്ദേഹം സഭാനാഥനായ കേരളനിയമസഭയിലോ സ്ഥാപിക്കും എന്നാണോ പറഞ്ഞുവയ്ക്കുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു !
Discussion about this post