മലക്കപ്പാറ: നാടിനെ വിറപ്പിച്ച ഭീകരൻ ‘ഹണിട്രാപ്പിലായി’. തേയിലത്തോട്ടത്തിലെ മരത്തിൽകയറി തേൻ കുടിക്കാൻ ശ്രമിച്ച കരടി ചില്ലകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. വാൽപ്പാറ മേഖലയിൽ തേയിലത്തോട്ടത്തിൽ ഒരു വർഷത്തിനിടെ നാലു തൊഴിലാളികളെയാണ് കരടികൾ ആക്രമിച്ചത്. ഇതിൽ ഒരാൾ മരിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. ഇതിനിടെയാണ് കരടി മരത്തിൽ കുടുങ്ങിയത്.
ദിവസം മുഴുവൻ മരത്തിലിരുന്ന് ശബ്ദമുണ്ടാക്കിയ കരടിയെ മയക്കുവെടി വെച്ചും മരം മുറിച്ചുമാണ് നപാലകർ താഴെയിറക്കി രക്ഷിച്ചത്.
വാൽപ്പാറ വാട്ടർഫാൾസ് തേയില എസ്റ്റേറ്റ് പത്താം നമ്പർ ഫീൽഡിലെ 30 അടിയിലേറെ ഉയരമുള്ള സിൽവർ റോക്ക് മരത്തിലാണ് രണ്ടുവയസ്സുള്ള ആൺ കരടി കുടുങ്ങിയത്. വലതുകാൽ മരച്ചില്ലകൾക്കിടയിൽ കുരുങ്ങിയതോടെ ഇറങ്ങാൻ പറ്റാതാവുകയായിരുന്നു. തേയിലത്തോട്ടം തൊഴിലാളികൾ കരടിയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം ഭയന്നുമാറി. നിർത്താതെയുള്ള കരച്ചിൽ കേട്ടപ്പോഴാണ് തിരിച്ചുചെന്നത്. വിവരമറിഞ്ഞ് വനപാലകർ എത്തി. കരടി തനിയെ മരത്തിൽ നിന്നിറങ്ങി പോകുമെന്ന് കരുതി അവർ തിരിച്ചു പോയെങ്കിലും കരടിക്ക് മരത്തിൽ നിന്നിറങ്ങാൻ സാധിച്ചില്ല. തീപ്പന്തമുണ്ടാക്കി ഭയപ്പെടുത്തി ഇറക്കാനായി അടുത്ത ശ്രമം. അതും വിജയിച്ചില്ല.
ഒടുവിൽ കരടിയെ ഉയരത്തിൽ വെച്ച് മയക്കുവെടിവെക്കുന്നത് കുഴപ്പമാവും എന്നതിനാൽ മരം മുറിച്ച് രക്ഷപ്പെടുത്താൻ തീരുമാനിച്ചു. മരം മുറിച്ച് പതിയെ താഴ്ത്തിയ ശേഷം വനംവകുപ്പ് വെറ്ററിനറി ഡോക്ടർ സുകുമാരൻ മയക്കുവെടി വെച്ചു. മയങ്ങിയ കരടിയുടെ കാൽ ചില്ലകൾക്കിടയിൽനിന്ന് പുറത്തെടുത്ത ശേഷം അയ്യർപാടിയിലെത്തിച്ച് ചികിത്സ നൽകി.
പിന്നീട് വനപാലകർ തിരിച്ചെത്തിച്ച് തുറന്നുവിട്ടു. വാൽപ്പാറ റേഞ്ച് ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post