ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോഡി വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ മോണിറ്റൈസേഷന് പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തെ ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്ന് രാഹുല്‍ ആരോപിച്ചു. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവര്‍ച്ച എന്നാണ് കോണ്‍ഗ്രസ് മോണിറ്റൈസേഷന് പൈപ്പ് ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ ‘സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് പദ്ധതി അനാവരണം ചെയ്തത്. പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടമസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഴിവെച്ചിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആസ്തികളില്‍ നിന്ന് വരുമാനം സമാഹരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Discussion about this post