സൂറത്ത്: ഉയർന്ന അളവിൽ അനസ്തേഷ്യ കുത്തിവെച്ച് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദർശന പ്രജാപതി(31)യാണ് കൊലപാതകം നടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ അമ്മ മഞ്ജുള(55) സഹോദരി ഫാൽഗുനി(29) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അവശനിലയിൽ വീട്ടിൽ കണ്ടെത്തിയ ദർശന ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയാണ് ഉയർന്ന അളവിൽ അനസ്തേഷ്യ നൽകി ദർശന ഇരുവരെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രണ്ടുപേർക്കും കാൽമുട്ട് വേദനയുണ്ടായിരുന്നു. ഈ വേദനയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രണ്ടുപേർക്കും അനസ്തേഷ്യ കുത്തിവെച്ചത്. ഇതിനുശേഷം വനിതാ ഡോക്ടർ 26 ഉറക്കഗുളികകളാണ് കഴിച്ചതെന്നും പിറ്റേദിവസം രാവിലെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കടുത്ത വിഷാദത്തിലായിരുന്ന ദർശന ജീവനൊടുക്കാൻ തീരുമാനിച്ചതോടെയാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നണ് പോലീസ് പറയുന്നത്. ദർശനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ജീവിതം മടുത്തെന്നും അതിനാൽ ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
മിക്ക കാര്യങ്ങൾക്കും അമ്മയും സഹോദരിയും തന്നെയാണ് ആശ്രയിച്ചിരുന്നതെന്നും താൻ മരിച്ചാൽ അവരുടെ ജീവിതം ദുരിതത്തിലാകുമെന്ന് കരുതിയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.
കുടുംബാംഗങ്ങൾക്കിടയിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സഹോദരൻ ഗൗരവ് പോലീസിന് നൽകിയ മൊഴി. അതേസമയം, സംഭവത്തിൽ ദർശനക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായും ആരോഗ്യനില മെച്ചപ്പെട്ടശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post