ന്യൂഡൽഹി: തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. ഡൽഹിയിലെ മംഗൾപുരിയിലാണ് സംഭവം. 27കാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊഹിത്തിന്റെ ഭാര്യയായ മോണിക്ക ഇയാൾക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത്.
ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്ത്. തന്നോട് ഭർത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക രാവിലെ പൊലീസിനെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാർക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിത്തിനെതിരെ പരാതിയും നൽകി. പൊലീസ് മൊഹിത്തുമായി ബന്ധപ്പെട്ടെങ്കിലും താനിപ്പോൾ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു.
വൈകീട്ട് നാല് മണിയോടെ മോണിക്ക പൊലീസിൽ വിളിച്ച് ഭർത്താവ് താൻ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. ഒരു പൊലീസ് സംഘമെത്തിയപ്പോൾ തോക്കുമായി നിൽക്കുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ മൊഹിത്തിനെ പൊലീസ് പിടികൂടി.
പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൊഹിത്ത് തനിക്ക് നേരെ വെടിയുതിർത്തുവെന്നും താൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Discussion about this post