കാബൂള്‍: അഫ്ഗാനിസ്താന് പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന് കൊടി നാട്ടി. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ ദിനങ്ങളാണെന്നും താലിബാന് നേതാവ് മുല്ലാബരാദര്‍ പ്രഖ്യാപിച്ചു. മുല്ലാബരാദറാകും അഫ്ഗാനിസ്ഥാന്റെ അടുത്ത ഭരണത്തലവന്.
അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന് നേതാക്കള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന് കൊടി നീക്കി താലിബാന് അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്’ എന്നാക്കി ഉടന്‍ പ്രഖ്യാപിക്കുമെന്നു താലിബാന് അറിയിച്ചു.
താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
താലിബാന് കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനിയ്ക്ക് താജിക്കിസ്താന്‍ പ്രവേശനാനുമതി നിഷേധിച്ചു. അതോടെ അഷ്റഫ് ഗനി ഒമാനില്‍ ഇറങ്ങി.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന് ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.
Discussion about this post