തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനൽകി. ലോക അവയവദാന ദിനത്തിലായിരുന്നു ഗവർണറുടെ സത്പ്രവർത്തി.
സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ ചേർന്ന് സമ്മതപത്രം ഏറ്റുവാങ്ങി.
അവയവം ദാനംചെയ്യാൻ സമ്മതപത്രം നൽകിയവർക്ക് മൃതസഞ്ജീവനി നൽകുന്ന ഡോണർ കാർഡ് ഗവർണർക്കു കൈമാറി. മൃതസഞ്ജീവനി കോഓർഡിനേറ്റർമാരായ പിവി അനീഷ്, എസ്എൽ വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ശില്പശാലകളും മറ്റും സംഘടിപ്പിക്കണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
Discussion about this post