തിരുവനന്തപുരം: വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരസ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. സ്വര്ണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്.
വധുവിന് പകരം പരസ്യത്തില്‍ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ പ്രതികരണം.
സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചടങ്ങില്‍ വെച്ച് ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി.
സ്ത്രീധനത്തിനെതിരായ തന്റെ നിലപാടുകള്‍ നേരത്തെയും ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 14ന് രാജ്ഭവനില്‍ ഉപവാസമിരുന്നിരുന്നു.
Discussion about this post