കോട്ടയം: സംഗീത സംവിധായകന് ജയ്സണ്‍ ജെ.നായര്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കല്ലറ – ഇടയാഴം റോഡില്‍ രാത്രി കാറില്‍ സഞ്ചരിക്കവെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. അക്രമികള്‍ വാളെടുത്ത് വീശുകയും മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
ആള്പാര്പ്പില്ലാത്തിടത്ത് വെച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. ഫോണ്‍ വന്നതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ജയ്സണ്‍. പെട്ടെന്നാണ് മൂന്ന് യുവാക്കള്‍ മുമ്പില്‍ കൂടി വന്നത്. തുടര്‍ന്ന് കാര്‍ ഇവിടെ നിര്‍ത്തിയിടാന്‍ പറ്റില്ലെന്നും മാറ്റിയിടാനും ആവശ്യപ്പെട്ടു. പിന്നീട് പണം ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വീട്ടില്‍ ജോലി സംബന്ധമായ മീറ്റിങ് കഴിഞ്ഞു വരുന്നിതിനിടെയായിരുന്നു ആക്രമണം. നേരത്തെയും ഈ ഭാഗത്ത് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ജയ്സണിന്റെ വാക്കുകള്‍;
‘പണം ചോദിച്ചാണ് യുവാക്കള്‍ ആക്രമിച്ചത്. പതിനെട്ട് വയസിന് താഴെയുള്ളവരാണ് ആക്രമിച്ചത്. യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാണ്. അവരുടെ മുമ്പില്‍ കൈകൂപ്പി നിന്നപ്പോള്‍ അരയില്‍ നിന്ന് ഒരുത്തന് വാളെടുത്ത് വീശുകയായിരുന്നു. എന്നാല്‍ കൂടെയുള്ളവന് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് എന്നാവശ്യപ്പെട്ടു. ഉടന്‍ കാറെടുത്ത് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.’
Discussion about this post