നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗമിക്കവെ വീണ്ടും നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിനെ പിന്തുണച്ച് നടൻ മഹേഷ് രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നാണ് മഹേഷ് പറയുന്നത്. ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകൾ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട് എന്ന് മഹേഷ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മഹേഷിന്റെ വാക്കുകൾ ഇങ്ങനെ; ‘ദിലീപ് തെറ്റ് ചെയ്തിട്ടില്ല. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോൾ തെറ്റായിരിക്കാം. ഇനി കോടതി വിധി വരുമ്പോൾ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ദിലീപ് ഇന്നസെന്റാണ്. അതിൽ യാതൊരു സംശയവുമില്ല. അയാളുടെ തലയിൽ അടിച്ചേൽപ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം. പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹേർട്ട് ചെയ്യേണ്ട കാര്യവുമില്ല. മനസിലെ തോന്നലുകാരണം ഞാൻ പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാർത്ഥത്തിൽ എന്ന് ഞാൻ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസിൽ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയും നീതികേടും മനസിലാക്കികൊണ്ടാണ് ഞാൻ സംസാരിച്ചുതുടങ്ങിയത്. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.
അയാൾ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാൾ ഒരു മണ്ടനല്ല. അയാൾ നല്ല ബുദ്ധിയുളള, കൂർമ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാൽ ആക്ടറേക്കാളും മുകളിൽ നിൽക്കുന്ന മനുഷ്യൻ. അയാൾ ഇങ്ങനെയൊരു വിഡ്ഢിത്തരം കാണിക്കില്ല. കഠിനാധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ ലെവലിൽ ദിലീപ് ഉയർന്നുവന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്.കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിൻറെ പതനം ആഗ്രഹിച്ചത് മെയിൻ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാൻ ആരെയും കോർണർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല’ -മഹേഷ് പറയുന്നു.
Discussion about this post