തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് ഇത്തവണ മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.
മേളയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങൾ സെപ്റ്റംബർ 10 നുള്ളിൽ http://www.iffk.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. രാജ്യാന്തര മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇപ്പോൾ, ലോക സിനിമ വിഭാഗങ്ങൾ എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ രാജ്യാന്തര മത്സരത്തിനായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.
കഴിഞ്ഞ തവണ കോവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് ഐഎഫ്എഫ്കെ നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.
Discussion about this post