ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലുള്ള വിദേശ പൗരന്മാർക്കും കോവിഡ് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശ പൗരന്മാർക്കും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കൊവിഡ് 19 വാക്‌സിൻ സ്വീകരിക്കാനുള്ള അനുമതിയാണ് ഇന്ത്യ നൽകിയത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി വിദേശികൾക്ക് അവരുടെ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദേശികൾക്കും വാക്‌സിനേഷൻ സ്ലോട്ട് ലഭിക്കും.
ഇന്ത്യയിലെ വിവിധ മേഖലകളിലായി പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ വലിയ തോതിൽ വിദേശ പൗരന്മാർ താമിസിച്ചുവരുന്നുണ്ട്. ഈ സ്ഥലങ്ങളിലെ വർധിച്ച ജനസാന്ദ്രത കാരണം കൊവിഡ് വ്യാപനത്തിന് സാധ്യത കൂടുതലുമാണ്. അതിനാൽ തന്നെ അത്തരം സാധ്യതകളെ പ്രതിരോധിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും വാക്‌സിൻ നൽകേണ്ടത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ഈ നീക്കത്തിന്റെ ഭാഗമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ താമസിക്കുന്ന കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും ഇതുവഴി കുറയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post