കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ തന്ത്രപ്രധാനമായ രണ്ട് നഗരങ്ങള്‍ കൂടി കീഴടക്കി താലിബാന്. കുണ്ടൂസ്, സാര്‍ ഇ പൂള് എന്നീ നഗരങ്ങളാണ് സൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിന് ശേഷം താലിബാന് പിടിച്ചെടുത്തത്.
കുണ്ടൂസ് നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗര മധ്യത്തില്‍ താലിബാന് പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്ചയ്ക്ക് ശേഷം നാല് പ്രാദേശിക തലസ്ഥാനങ്ങളാണ് താലിബാന് കീഴടക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് കുണ്ടൂസ്.
രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളിലേക്കുള്ള കവാടമായിട്ടാണ് ഈ നഗരം കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രധാന നഗരങ്ങളുമായി കുണ്ടൂസിനെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ ഉള്ളതിനാല്‍ ഇവിടം തന്ത്രപരമായും പ്രാധാന്യമര്‍ഹിക്കുന്നു. കൂടാതെ കുണ്ടൂസ് തജിക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. അഫ്ഗാനില്‍ നിന്ന് യൂറോപ്പിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഒഴുകുന്ന അതിര്‍ത്തികൂടിയാണിത്.
മുമ്പ് 2015ലും 2016ലും താലിബാന് കുണ്ടൂസ് കീഴടക്കിയിരുന്നെങ്കിലും അധികകാലം അധികാരത്തിലിരിക്കാന്‍ സാധിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങള്‍ ഭൂരിഭാഗവും ഇപ്പോള്‍ താലിബാന്റെ അധീനതയിലാണ്.
Discussion about this post