മലപ്പുറം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിഴയിട്ട് തിരുവനന്തപുരം റൂറല്‍ പോലീസ് ട്രാഫിക്. കാവനൂര്‍ ഗ്രാമ പഞ്ചായത്തിലെ ആലിങ്ങപറമ്പിലെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിനാണ് പിഴയിട്ടത്.
വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരില്‍ നെടുമങ്ങാട് രജിസ്ട്രേഷനുള്ള പഴയ മോഡല്‍ ഐ20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാന്‍ നോട്ടീസ് ലഭിച്ചത്. കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന വിചിത്രമായ കാരണം കാണിച്ചാണ് 500 രൂപ പിഴയായി അടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം എത്തിയത്.
കഴിഞ്ഞദിവസം മൊബൈലില്‍ മെസ്സേജുകള്‍ കൂടിയതിനെ തുടര്‍ന്ന് ഡിലീറ്റ് ആക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു മെസ്സേജ് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ട്രാഫിക് പോലീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനോട് സംഭവവുമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് 500 രൂപ പിഴയടക്കാന്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം ദിവസങ്ങളായി കാര്‍ തന്റെ കാവനൂരിലെ വീടിന്റെ മുറ്റത്ത് കിടക്കുകയാണെന്നും നിരത്തിലേക്ക് ഇറക്കിയിട്ടില്ലെന്നുമാണ് ഉടമസ്ഥനായ റമനിഷിന്റെ പ്രതികരണം.
പെരിന്തല്‍മണ്ണയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റമനീഷ് താന്‍ ഈ ദിവസങ്ങളില്‍ ബൈക്കിലാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് യുവാവ്. ഒരുപക്ഷേ വാഹനത്തിന്റെ നമ്പര്‍ മാറിയതോ, ഇതേ നമ്പറിലുള്ള മറ്റൊരു വ്യാജ വാഹനം നിയമലംഘനം നടത്തിയതോ ആകാമെന്നും യുവാവ് സംശയിക്കുന്നു.
Discussion about this post