തിരുവനന്തപുരം: കേരളത്തിലെ 140 മണ്ഡലങ്ങളിലുമായി ഭൂമി സംബന്ധിച്ചും റവന്യു വകുപ്പുമായി ബന്ധപ്പെട്ടും തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ ഉടനെ നടപടി ഉറപ്പാക്കാൻ റവന്യൂ വകുപ്പും മന്ത്രി കെ രാജനും ശ്രമം ആരംഭിച്ചു. റവന്യുവകുപ്പിന്റെ ‘വിഷൻ ആൻഡ് മിഷൻ 2026’ പദ്ധതിയുടെ ഭാഗമായാണ് പുതിയ ശ്രമം. ഇതിനായി 140 മണ്ഡലങ്ങളിലെ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി പരാതിയും നിർദേശവും കേൾക്കാനാണ് മന്ത്രി കെ രാജന്റെ നീക്കം.
‘നിയമസഭാ സമ്മേളനം കഴിഞ്ഞ് റെഡിയായി നിൽക്കൂ, വന്യുവകുപ്പിന്റെ കാർ വരും. 2 മണിക്കൂർ എന്റെയൊപ്പം വരൂ..’ എംഎൽഎമാരോട് മന്ത്രി കെ രാജൻ പദ്ധതി അവതരിപ്പിച്ചതിങ്ങനെ. ഓരോ മണ്ഡലത്തിലെയും ചുവപ്പുനാടയ്ക്ക് പിന്നിൽ കുരുങ്ങി കിടക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് ഇതോടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളക്കരയും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് മന്ത്രി മുഴുവൻ എംഎൽഎമാരേയും നേരിട്ടുകാണുന്ന ഇത്തരത്തിലൊരു പദ്ധതി കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.
എല്ലാ ജില്ലകളിലെയും മന്ത്രിമാരുൾപ്പെടെയുള്ള എംഎൽഎമാരുമായി ഇപ്രകാരം ചർച്ച നടത്തും. കഴിഞ്ഞ 26 ന് കൂടിക്കാഴ്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 12 വരെ പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ വച്ചാണ് ഈ യോഗം. എംഎൽഎമാർ എത്തുന്ന ദിവസം ആ ജില്ലയിലെ കളക്ടർ, ആർഡിഒ, എഡിഎം തുടങ്ങിയ ഉദ്യോഗസ്ഥരും ഉണ്ടാകും. റവന്യൂ മന്ത്രിയെ കൂടാതെ പുതുതായി രൂപീകരിച്ച റവന്യൂ സെക്രട്ടേറിയേറ്റും ഉണ്ടാകും. റവന്യൂ അഡിഷനൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, ജോയിന്റ് കമ്മിഷണർ, സർവേ ഡയറക്ടർ , ഹൗസിങ് കമ്മിഷണർ, നിർമിതി കേന്ദ്രം ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയ്ക്ക് ഹാജരാണ്.
3 മണിക്കൂർ വരെ യോഗം നീളുമെങ്കിലും വർഷങ്ങളായി തീരാതെ കിടക്കുന്ന പട്ടയപ്രശ്‌നം ഉൾപ്പെടെ തീർക്കാനാകുന്നത് മണ്ഡലത്തിന്റെ തന്നെ ഗുണത്തിനാണെന്ന ചിന്തയിൽ എംഎൽഎമാർ മടിയില്ലാതെ കൂടിക്കാഴ്ചയ്ക്ക് എത്തുന്നുണ്ട്. ഇവരുടെ നിർദേശങ്ങളും പരാതികളും റവന്യൂ വകുപ്പിൽ വെബ്‌സൈറ്റിൽ അപ്പോൾ തന്നെ വരും. ഓരോന്നിലെയും പുരോഗതിയും ഈ വെബ്‌സൈറ്റ് വഴി എംഎൽഎമാർക്കു പരിശോധിക്കാം.
Discussion about this post