പിലാത്തറ: കണ്ണൂരിലെ കേരളബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ എറ്റെടുത്ത സംഘത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ശ്രീസ്ഥയിലെ ഭർതൃബന്ധുവായ കരാറുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതിനൊപ്പം യുവതി ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും ഇവരോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് മൊഴി. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ജീവനക്കാരിയായ യുവതി ഭർത്താവുമായി മാനസികമായി അകന്നതോടെയാണ് കണ്ണൂർ പടന്നപ്പാലത്തെ ഫ്ലാറ്റിൽ തനിച്ച് താമസം ആരംഭിച്ചത്. ഇതിനിടെയാണ് യുവതി സംഘത്തിന് ക്വട്ടേഷൻ നൽകിയത്.
എന്നാൽ യുവതിയുടെ ഭർത്താവ് കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആണെന്നറിഞ്ഞതോടെ സംഘം ഇതിൽനിന്ന് പിന്മാറുകയായിരുന്നു. കോറോം കാനായി സ്വദേശിനിയായ യുവതി ആദ്യം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്റ്റോപ്പിലെ നീതി മെഡിക്കൽ സ്റ്റോറിലാണ് ജോലിചെയ്തിരുന്നത്. ഇവിടെവെച്ചാണ് ക്വട്ടേഷൻ നൽകിയ മെഡിക്കൽ സ്റ്റോറിനടുത്ത് കട നടത്തിയിരുന്ന മേലതിയടത്തെ കെ രതീഷിനെ പരിചയപ്പെട്ടത്.
ക്വട്ടേഷൻ ഏറ്റെടുത്ത രതീഷ് നാട്ടിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒരു കൊലപാതകക്കേസിൽ വിചാരണ കഴിഞ്ഞ് വിധി കാത്തിരിക്കുന്ന പ്രതിയായ നീലേശ്വരം പള്ളിക്കരയിലെ പി സുധീഷിനെ ദൗത്യം ഏല്പിച്ചു. 2013ൽ നീലേശ്വരം പേരോലിൽ ജയൻ എന്നയാളെ തോട്ടിൽ മുക്കിക്കൊന്ന കേസിലെ പ്രതിയാണിയാൾ. ഈ കേസിൽ ഓഗസ്റ്റ് 14ന് ജില്ലാ സെഷൻസ് കോടതി വിധിപറയാനിരിക്കെയാണ് കരാറുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായത്.
അതേസമയം, പ്രതികൾക്ക് ക്വട്ടേഷൻ നൽകിയ യുവതി ഒളിവിലാണ്. കോട്ടയത്ത് പഠിക്കുന്ന മകളുടെയടുത്ത് ഇവരെത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പരിയാരം പോലീസ് വിവരങ്ങൾ കോട്ടയം പോലീസിന് കൈമാറിയിട്ടുണ്ട്. പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ കേസന്വേഷണച്ചുമതലയുള്ള പരിയാരം പോലീസ് ഇൻസ്പെക്ടർ കെവി ബാബു, എസ്ഐ കെവി സതീശൻ എന്നിവരടങ്ങിയ സംഘം സൈബർസെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടത്താൻ ശ്രമം ഊർജിതമാക്കി.
Discussion about this post