ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്ന ഫാദര്‍ റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന് വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിന് വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന് അലക്സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് തലശ്ശേരി പോക്സോ കോടതിയും വിധിച്ചിരന്നു. വിവിധ വകുപ്പുകളായി 60 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിക്കുകയായിരുന്നു.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെ 2016ലാണ് പെണ്‍കുട്ടിയെ റോബിന് പീഡിപ്പിച്ചത്. പള്ളിയില്‍ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എന്‍ട്രി ജോലികളും ചെയ്തിരുന്ന പെണ്‍കുട്ടിയെ, ഇയാള്‍ കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന്‍ ലഭിച്ച രഹസ്യ വിവരം പോലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ പിതാവ് റോബിനാണെന്നും തിരിച്ചറിഞ്ഞിരുന്നു.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2017ലാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പ്രസവം നടന്ന് ദിവസങ്ങള്‍ക്കകം പെണ്‍കുട്ടിയെ സഭയുടെ നേതൃത്വത്തിലുള്ള വൈത്തിരിയിലെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പീഡനം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാനും പത്ത് ലക്ഷം രൂപ നല്കി ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നിരുന്നു.
Discussion about this post