തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരളത്തിലെ 88 ലക്ഷം റേഷൻ കാർഡുടമകൾക്ക് സപ്ലൈകോ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിലേക്ക് കുടുംബശ്രീ മധുരം നൽകും. ഓണ കിറ്റിൽ ഉൾപ്പെടുത്താനുള്ള നൂറ് ഗ്രാം വീതമുള്ള ശർക്കര വരട്ടിയും ചിപ്സും നൽകുന്നതിനുള്ള ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചിരിക്കുകയാണ്. സപ്ലൈകോയിൽ 5.41 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.
അതേസമയം, കിറ്റ് വിതരണം ആരംഭിക്കേണ്ടതിനാൽ സംരംഭകർ തയാറാക്കിയ ശർക്കര വരട്ടിയുടെ പതിനേഴ് ലക്ഷം പാക്കറ്റുകളും ചിപ്സിന്റെ 16,060 പായ്ക്കറ്റുകളും ഇതിനോടകം തന്നെ സപ്ലൈകോക്ക് കൈമാറി. കരാർ പ്രകാരം വിതരണം ചെയ്യാൻ ബാക്കിയുള്ളത് എത്തിക്കാനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പാക്കറ്റ് ഒന്നിന് ജിഎസ്ടി ഉൾപ്പെടെ 29.12 രൂപയാണ് സപ്ലൈകോ സംരംഭകർക്ക് നൽകുന്നത്. സംരംഭകർ ഡിപ്പോയിൽ ഉൽപന്നങ്ങൾ എത്തിക്കുന്ന മുറക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകും. കുടുംബശ്രീക്ക് കീഴിലെ ഇരുന്നൂറിലേറെ കാർഷിക സൂക്ഷ്മസംരംഭ യൂണിറ്റുകളാണ് ഉൽപന്നങ്ങൾ തയാറാക്കുന്നത്.
ജില്ല മിഷൻ അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുള്ള ഉൽപന്ന വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉൽപന്നങ്ങൾ തയാറാക്കുന്നതിന് രണ്ടര ലക്ഷത്തിലേറെ വനിത കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കാര്യക്ഷമമാക്കിയിട്ടുണ്ട്.
Discussion about this post