കൊല്ലം: ബാങ്കിലെ ക്യൂവിൽ നിന്നയാൾക്ക് പിഴ ചുമത്തിയത് ചോദ്യം ചെയ്തതിന് പോലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി ഗൗരിനന്ദ. ചടയമംഗലം പോലീസിന്റെ ഭാഗത്തുനിന്ന് മുമ്പും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗൗരി നന്ദ പറഞ്ഞു.
മാസങ്ങൾക്കുമുമ്പ് ഒരു കുടുംബവഴക്കിന്റെ ഭാഗമായി സ്‌റ്റേഷനിൽ പരാതിയുമായി പോയപ്പോഴായിരുന്നു ദുരനുഭവം. രാവിലെ ചെന്നിട്ട് വൈകീട്ട് മൂന്നായിട്ടും വിളിക്കാത്തപ്പോൾ മനുഷ്യത്വപരമായ പരിഗണനയെങ്കിലും തരണമെന്ന് ഉദ്യോഗസ്ഥരോട് പറയേണ്ടിവന്നു. പിന്നീട്, ഒരു പരിചയക്കാരൻ ഇടപെട്ടാണ് ഞങ്ങളുടെ പ്രശ്‌നം ഒത്തുതീർപ്പാക്കിയതെന്നും ഗൗരിനന്ദ പറയുന്നു.
മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ താൻ ഇതിനകം ജയിലിലാകുമായിരുന്നെന്നും ഈ പെൺകുട്ടി പ്രതികരിച്ചു. ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്ക് പിഴ ചുമത്തിയത് കണ്ടപ്പോൾ ‘എന്താണ് പ്രശ്‌നം’എന്നു ചോദിച്ചതു മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നു പറഞ്ഞ് ഗൗരിക്കും പെറ്റി ചുമത്തുകയായിരുന്നു പോലീസ്. പ്രതിഷേധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പു ചുമത്തി ചടയമംഗലം പോലീസ് കേസുമെടുത്തു.
പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ശക്തമായ പ്രതിഷേധം നിറഞ്ഞപ്പോൾ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തില്ലെന്നും ജാമ്യം ലഭിക്കുന്ന കേരള പോലീസ് ആക്ട് 117(ഇ) പ്രകാരമാണ് കേസെടുക്കുന്നതെന്നും പോലീസ് പിന്നീട് തിരുത്തിയിരുന്നു.
Discussion about this post