കസബ: ആലത്തൂര്‍ എംപി രമ്യ ഹരിദാസും മുന്‍ എംഎല്‍എ വിടി ബല്‍റാമും ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ കസബ പോലീസ് ആണ് കേസെടുത്തത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോര്‍ച്ച ജില്ല പ്രസിഡന്റും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറു പേര്‍ക്കെതിരെ കേസെടുത്തത്.
സംഭവം വീഡിയോ വൈറലായതോടെ, ഭക്ഷണം കഴിക്കാനല്ല, പാഴ്സല്‍ വാങ്ങാനെത്തിയതാണെന്നാണ് രമ്യ ഹരിദാസ് വിശദീകരണം നല്‍കിയിരുന്നു. പാഴ്സല്‍ വാങ്ങാനെത്തിയ തന്റെ കൈയില്‍ കയറി യുവാവ് പിടിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ അങ്ങനെ പെരുമാറിയതെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. സംഭവത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. രമ്യ ഹരിദാസ് ഉള്‍പ്പടെയുളളവര്‍ പാലക്കാട് നഗരത്തോട് ചേര്‍ന്നുളള അപ്ടൗണ്‍ ഹോട്ടലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവര്‍ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു. എം.പിയായ രമ്യ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും യുവാവ് പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Discussion about this post